Wednesday, April 16, 2025
Kerala

മസാല ബോണ്ട് കേസ്: ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്‌ത് കിഫ്‌ബി വീണ്ടും ഹൈക്കോടതിയിൽ

ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്‌ത് കിഫ്‌ബി വീണ്ടും ഹൈക്കോടതിയിൽ. നേരത്തെ നൽകിയ രേഖകളാണ് വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്‌ബി. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് വേണ്ടതെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇ ഡി ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിൽ തെറ്റെന്തെന്ന് കിഫബിയോട് കോടതി ചോദിച്ചു. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഇ ഡി ക്ക് നിർേദശം നൽകി.

ബുധനാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. സമൻസിൽ ഇഡി പഴയ കാര്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ തന്നെ നൽകിയതാണ്. നോട്ടീസ് നൽകാൻ ഇഡിക്ക് അധികാര പരിധിയില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹർജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡിയുടെ ആവശ്യം. സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *