Friday, January 24, 2025
Kerala

മെഡിക്കൽ കോളജിലെ ഐസിയു, വെന്റിലേറ്റർ വാടക വർധനവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും പണം ഈടാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മെഡിക്കൽ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.

ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. മഞ്ഞകാർഡില്ലാത്ത ആയിരങ്ങളാണ് ആശിപത്രിയിലെത്തുന്നതെന്നും ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച കേസിലാണ് നടപടി. നിരക്ക് വർധിപ്പിച്ച് ആശുപത്രി സൂപ്രണ്ട് വകുപ്പ് മേധാവികൾക്ക് അയച്ച സർക്കുലർ 24 നേരത്തെ പുറത്തുവിട്ടിരുന്നു.

കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം വീതം വർദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കിൽ 1500 രൂപ അടയ്ക്കണം. ഐ.സി.യുവിൽ മാത്രമാണെങ്കിൽ 500 രൂപ. ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്. കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടന്റ് ഡോ.നിസാറുദ്ദീൻ എല്ലാ വകുപ്പ് മേധാവികൾക്കും നിരക്ക് വർദ്ധിപ്പിച്ചതായി അറിയിപ്പ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *