‘പണക്കൂമ്പാരത്തിന് കാവലിരിക്കുന്ന പാമ്പ്’; ഉർജിത് പട്ടേലിനെ മോദി പാമ്പിനോട് ഉപമിച്ചെന്ന് മുൻ ധനകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. മുൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെ ‘പണക്കൂമ്പാരത്തിന് കാവലിരിക്കുന്ന പാമ്പ്’ എന്ന് മോദി വിശേഷിപ്പിച്ചതായി ഗാർഗിൻ്റെ ‘വി ഓൾസോ മേക്ക് പോളിസി’ എന്ന പുതിയ പുസ്തകത്തിൽ പറയുന്നു.
ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് കേന്ദ്ര സര്‍ക്കാരിനുള്ള അതൃപ്‌തി 2018 ഫെബ്രുവരിയോടെ രൂക്ഷമായി. മാര്‍ച്ചില്‍ ആര്‍ബിഐ ഗവര്‍ണര്‍ സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതോടെ സര്‍ക്കാരുമായുള്ള ഭിന്നത കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ക്കുമേലുള്ള നിയന്ത്രണാധികാരം നീക്കാന്‍ കേന്ദ്രത്തിനു കഴിയുന്നില്ലെന്നായിരുന്നു ഉര്‍ജിത് പട്ടേലിന്റെ വിമര്‍ശനം.
തെരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കാനുള്ള അധികാരം റിസർവ് ബാങ്കിനു മാത്രമായിരിക്കണമെന്നും ഉർജിത് നിർബന്ധം പിടിച്ചു. പട്ടേലിന്റെ ഈ നിലപാടും കേന്ദ്ര സര്‍ക്കാരിനെ ബുദ്ധിമുട്ടിച്ചതായി പുസ്തകത്തില്‍ പറയുന്നുണ്ട്. റിപ്പോ നിരക്കുകൾ ഉയർത്തിയതുകാരണം ലക്ഷക്കണക്കിനു കോടികൾ ബാങ്കുകളിൽ മൂലധനമുറപ്പിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ഉര്‍ജിത് പട്ടേലിന്റെ നിലപാടുകളില്‍ അന്നത്തെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്ക് വിഷമം തോന്നിയിരുന്നെന്നും ഗാര്‍ഗ് തന്റെ പുസ്‌തകത്തില്‍ പറയുന്നു.
‘ഗവൺമെന്റും റിസർവ് ബാങ്കും തമ്മിലുള്ള പിരിമുറുക്കങ്ങൾക്കുമിടയിൽ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ അവലോകനം ചെയ്യുന്നതിന് 2018 സെപ്റ്റംബർ 14 ന് ഒരു യോഗം വിളിച്ചു. യോഗത്തിനിടെ ഒരു ഘട്ടത്തിൽ ക്ഷുപിതനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഉർജിത് പട്ടേലിനെ പണക്കൂമ്പാരത്തിൽ ഇരിക്കുന്ന പാമ്പിനോട് ഉപമിച്ചു. ഇത്രയും ദേഷ്യത്തിൽ മോദിയെ ആദ്യമായാണ് ഞാൻ കാണുന്നത്’ – മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് കുറിച്ചു. ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ഒക്ടോബറിൽ പുറത്തിറങ്ങും.