Tuesday, April 15, 2025
Kerala

മാസപ്പടി വിവാദം; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് കോടതി ഓഗസ്റ്റ് 26ന് ഗിരീഷ് ബാബുവിന്റെ ഹര്‍ജി തള്ളിയിരുന്നു.

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ വാദം കൂടി കേട്ട് വിജിലന്‍സ് കോടതി തീരുമാനമെടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

എക്‌സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. 2017 മുതല്‍ 20 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്സലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയിരുന്നു. സേവനങ്ങള്‍ നല്‍കാതെയാണ് വീണ വിജയന് പണം നല്‍കിയതെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു.

സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *