Thursday, January 23, 2025
National

ഡൽഹിയിൽ ആർമി കേണലിനെ ആക്രമിച്ച് പണവും മൊബൈലും കവർന്നു

രാജ്യതലസ്ഥാനത്ത് ആർമി കേണലിനെ മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്നു. തെക്കൻ ഡൽഹിയിലെ മാളവ്യ നഗർ ഏരിയയിലാണ് സംഭവം. ഒരു സെമിനാറിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൈനികനെ മൂവർ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചാണക്യപുരി സ്വദേശിയായ ആർമി കേണൽ വിനിത് മേത്ത (49) ആണ് ആക്രമിക്കപ്പെട്ടത്. കേണലും സുഹൃത്തും താജ് ഹോട്ടലിലെ ഒരു സെമിനാറിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. രാത്രി 11.30 യോടെ സുഹൃത്തിനെ മാളവ്യ നഗറിലെ ത്രിവേണി കോംപ്ലക്‌സിൽ ഡ്രോപ്പ് ചെയ്ത ശേഷം, മേത്ത അടുത്തുള്ള ഒരു പെട്രോൾ പമ്പിൽ കയറി. ഇതിനിടെ ഒരാൾ ലൈറ്റർ ആവശ്യപ്പെട്ട് കേണലിനെ സമീപിച്ചു.

ലൈറ്റർ ഇല്ലെന്ന് അറിയിച്ചതിന് പിന്നാലെ ഇയാൾ ആക്രമിക്കാൻ തുടങ്ങി. കണ്ണിൽ പൊടി പോലെയുള്ള വസ്തു എറിഞ്ഞ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നീട് രണ്ട് പേർ കൂടി ഓടിയെത്തി കേണലിനെ കാറിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയും കാറിലുണ്ടായിരുന്ന മൊബൈൽ ഫോണും മറ്റും മോഷ്ടിക്കുകയും ചെയ്തു.

രണ്ട് മൊബൈൽ ഫോണുകളും ക്രെഡിറ്റ് കാർഡും വോട്ടർ ഐഡി കാർഡും 10,000 രൂപയുമാണ് നഷ്ടമായത്. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഒളിവിൽ പോയ മൂന്നാമത്തെ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട് പൊലീസ് അറിയിച്ചു. നിലവിൽ കേണൽ ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *