ഒറ്റ മഴയില്‍ 2,700 കോടി രൂപ ചെലവിട്ട ജി20 വേദി വെള്ളത്തിലെന്ന് കോൺഗ്രസ്; 20 മിനിറ്റ് കൊണ്ട് പരിഹരിച്ചെന്ന് കേന്ദ്രം
കനത്ത മഴയെ തുടര്‍ന്ന് ജി20 വേദിയിലുണ്ടായ വെള്ളക്കെട്ടിനെ കുറിച്ച് ദേശീയ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ജി20ക്കിടെ വെള്ളക്കെട്ടുണ്ടായതിനെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഖോക്കലെ വിമര്‍ശിച്ചിരുന്നു. ‘ഒരു മാധ്യമപ്രവര്ത്തകന് പങ്കുവെച്ച വിഡിയോയാണിത്.
ജി20 വേദി മഴയെ തുടര്‍ന്ന് വെള്ളത്തിലായി. ഉച്ചകോടിക്കായി 4000 കോടി രൂപ ചിലവഴിച്ചിട്ടും ഇതാണ് നിര്‍മ്മാണങ്ങളുടെ അവസ്ഥ. ജി20 ഫണ്ടിലെ 4000 കോടിയില്‍ എത്ര രൂപയാണ് മോദി സര്‍ക്കാര്‍ അപഹരിച്ചത്’ എന്നും ചോദിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഖോക്കലെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
എന്നാല്‍ ‘മഴ കാരണം ഹാള്‍-5ന് പുറത്തെ തുറന്ന സ്ഥലത്ത് നേരിയ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് 20 മിനിറ്റ് കൊണ്ട് പരിഹരിച്ചു. ജി20 സമ്മേളനത്തിന്റെ പ്രധാനവേദിയില്‍ വെള്ളക്കെട്ടുണ്ടായിട്ടില്ല. മഴ ഉച്ചകോടിയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല’ എന്നുമാണ് പിഐബി ഫാക്ട് ചെക്ക് വിഭാഗത്തിന്റെ വിശദീകരണം.
അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി.