Thursday, January 23, 2025
World

കെട്ടിടങ്ങള്‍ക്കിടയിൽ കുടുങ്ങി ആയിരങ്ങള്‍, നിലയ്ക്കാത്ത നിലവിളികള്‍, മൊറോക്കോയിൽ ഭൂചലനത്തില്‍ മരണം 2000 കടന്നു

റാബത്ത്: മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2012 ആയി. 2059 പേർക്ക് പരിക്കേറ്റു. 1404 പേരുടെ നില ഗുരുതരമാണ്. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളുമെല്ലാം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. ചരിത്ര സ്മാരകങ്ങളും പൌരാണിക നഗരങ്ങളും നിലംപൊത്തി.

ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് ഓടിയതെന്ന് ഭൂചലനം നടക്കുമ്പോള്‍ മറകേഷിലുണ്ടായിരുന്ന കാസബ്ലാങ്ക നിവാസിയായ ഗന്നൂ നജെം എന്ന 80കാരി പറഞ്ഞു. മൊറോക്കോയില്‍ 120 വര്‍ഷത്തിനിടെ ഏറ്റവും നാശം വിതച്ച ഭൂകമ്പമാണ് ഇന്നലെ ഉണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു. വിനാശകരമായ ഭൂകമ്പങ്ങൾ അപൂർവ്വമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങൾ വേണ്ടത്ര മുന്‍കരുതലോടെ നിർമിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ബിൽ മക്ഗുയർ അഭിപ്രായപ്പെട്ടു.

മറകേഷിലെ തന്റെ കെട്ടിടത്തിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടതായി എഞ്ചിനീയറായ ഫൈസൽ ബദൂർ പറഞ്ഞു. ഈ ഭൂകമ്പത്തിന്റെ തീവ്രതയില്‍ ഭയന്നുപോയതിനാല്‍ പലരും വീടിനുള്ളില്‍ തിരിച്ചുകയറാന്‍ പേടിച്ച് പുറത്ത് തങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. കട്ടില്‍ പറന്നുപോകുന്നതുപോലെ തോന്നിയെന്ന് ഫ്രഞ്ച് പൌരനായ മൈക്കേല്‍ ബിസെറ്റ് പറഞ്ഞു. താന്‍ വസ്ത്രം പോലും ധരിക്കാന്‍ സമയമില്ലാതെ പുറത്തേക്ക് ഓടി. എല്ലായിടത്തും കേട്ടത് നിലയ്ക്കാത്ത അലമുറകളാണെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ കുടുംബത്തിലെ 10 പേര്‍ മരിച്ചെന്ന് ഇംഗ്ലണ്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരി മിമി തിയോബോൾഡ് കണ്ണീരോടെ പറഞ്ഞു.

ഇതിനു മുന്‍പ് മൊറോക്കോയില്‍ 1960ല്‍ അഗാദിറിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 12,000ത്തിലധികം പേർ മരിച്ചു. 2004ൽ വടക്കുകിഴക്കൻ മൊറോക്കോയിലെ അൽ ഹോസിമയിൽ ഭൂകമ്പം ഉണ്ടായപ്പോൾ 628 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *