ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി, ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍: രമേശ് ചെന്നിത്തല
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയ ചരിത്രവിജയം പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് എത് സൂചിപ്പിക്കുന്നെതെന്നും തെരഞ്ഞെടുപ്പ് ഫലം തുടര്‍ഭരണത്തിന്റെ പേരിലുള്ള ഇടതുപക്ഷത്തിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ കഴിഞ്ഞത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണെന്നും ഫൈനലില്‍ ഇരുപതില്‍ ഇരുപതും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച മരണാനന്തര ബഹുമതിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് രമേശ് ചെന്നിത്തല പറയുന്നു. ജീവിച്ചിരിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ ശക്തനാകുകയാണ് മരിച്ച ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനരോക്ഷമാണ് പുതുപ്പള്ളിയില്‍ കണ്ടത്. കൂടുതല്‍ പണം ഉണ്ടാക്കുക എന്നത് മാത്രമാണ് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെയുള്ള പാര്‍ട്ടി നേതാക്കളുടെ ലക്ഷ്യം. പുതുപ്പള്ളിയിലെ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.