അപ്പയുടെ കല്ലറയിലെത്തി ചാണ്ടിയുടെ മൗന പ്രാര്‍ത്ഥന, ചുറ്റും പൊതിയുന്ന ജനം; പുതുപ്പള്ളിയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍
ഉമ്മന്‍ ചാണ്ടിയ്ക്ക് ശേഷം പുതുപ്പള്ളിയുടെ പുതുനായകന്‍ മകന്‍ ചാണ്ടി ഉമ്മനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. 37000-ലധികം ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ച് പുതുപ്പള്ളിയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ചരിത്രവിജയത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ നേരെ പോയത് പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഉമ്മന്‍ ചാണ്ടിയെ കാണാനാണ്. വിജയം പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് പറയാതെ പറഞ്ഞ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മൗനമായി പ്രാര്‍ത്ഥിച്ചു. പുതുപ്പള്ളിയുടെ പുതിയ ജനനായകനെ കാണാനും അഭിനന്ദിക്കാനും ഉമ്മന്‍ ചാണ്ടിയെ തൊട്ട് ജനങ്ങള്‍ തിക്കിതിരക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും പുതുപ്പള്ളി സാക്ഷിയായി.
ചാണ്ടി ഉമ്മന്‍ 69896 വോട്ടുകളും ജെയ്ക് സി തോമസ് 32102 വോട്ടുകളും ലിജിന്‍ ലാല്‍ 4321 വോട്ടുകളുമാണ് നേടിയത്. 37,794 വ്യക്തമായ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്.
അതേസമയം പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്.
ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണവും നടന്നു.