Thursday, January 9, 2025
Kerala

തണ്ടൊടിഞ്ഞ് താമര; പുതുപ്പള്ളിയുടെ ചിത്രത്തില്‍ ഇല്ലാതെ ബിജെപി

പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തില്‍ പോലും ഇല്ലാതെ ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3768 വോട്ടിന് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂറിന് ശേഷമാണ് ലിജിന്‍ ലാല്‍ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ വോട്ട്ശതമാനത്തില്‍ വലിയ ഇടിവാണുണ്ടായിരിക്കുന്നത്.

37220 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയാണ് ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്. യുഡിഎഫ്-68,878, എല്‍ഡിഎഫ്-31658 എന്‍ഡിഎ-4278 എന്നിങ്ങനെയാണ് നിലവിലെ വോട്ട്നില. പുതുപ്പള്ളി മൂന്നാമങ്കത്തിലും ജെയ്ക് സി തോമസിനെ തുണച്ചില്ല. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മനാണ് ലീഡുയര്‍ത്തുന്നത്. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെയാണ് ചാണ്ടി ഉമ്മന്റെ വീട്ടില്‍ പായസവിതരണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളിലേക്ക് കടന്നത്.

ചരിത്രവിജയം ഉറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടിനകത്തും പുറത്തും കെപിസിസി ഓഫീസിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും ആഘോഷങ്ങളിലേക്ക് കടന്നു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള പ്രഹരമാണ് പുതുപ്പള്ളിയിലെ വിജയമെന്നായിരുന്നു സഹോദരി അച്ചു ഉമ്മന്റെ പ്രതികരണം.

പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. ഇതോടെ 2021ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *