Thursday, April 17, 2025
Kerala

ആലുവ പീഡനം: മാതാപിതാക്കള്‍ക്ക് നിയമസഹായം ഉറപ്പാക്കുമെന്ന് വി ശിവന്‍കുട്ടി

ആലുവയില്‍ എട്ടു വയസുകാരിയെ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ എസ് ഷാനവാസിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും ഞെട്ടിക്കുന്നതുമാണ്. കുഞ്ഞിന് എല്ലാവിധ സഹായങ്ങളും നൽകും. ബീഹാർ സ്വദേശികൾ ആണ് കുട്ടിയുടെ മാതാപിതാക്കൾ. കുടുംബത്തിന് നിയമപരമായ എല്ലാവിധ പിന്തുണയും നൽകും. കുറ്റവാളിക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്തു കൊണ്ടു പോകുകയായിരുന്നു എന്നാണ് നിഗമനം. കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ അറിയിച്ചതിനു പിന്നാലെ നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടപ്പുറത്തെ പാടത്തു കുട്ടിയെ രക്തം ഒലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം പ്രതി തിരുവനന്തപുരം സ്വദേശിയെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

ഇയാള്‍ ഏറെക്കാലമായി എറണാകുളത്തുള്ളതെന്നാണ് സൂചന. ഇയാള്‍ മോഷണക്കേസില്‍ അടക്കം പ്രതിയാണന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നടക്കമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *