ലബുഷെയ്നും ടിം ഡേവിഡുമില്ല, വാർണർ ടീമിൽ; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാർനസ് ലബുഷെയ്ൻ, ടിം ഡേവിഡ് എന്നിവർക്ക് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. മുതിർന്ന താരം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടീമിൽ ഇടം നേടി. നേരത്തെ പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുക. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലെത്തി. ഓൾറൗണ്ടർമാർ അധികമുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വൽ, മാർക്കസ് സ്റ്റോയിനിസ്, ഷോൺ ആബട്ട്, ആഷ്ടൺ ആഗർ എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. ആദം സാമ്പ മാത്രമാണ് സ്പെഷ്യലൈസ്ഡ് സ്പിന്നർ. കമ്മിൻസിനൊപ്പം മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവ സ്പെഷ്യലൈസ്ഡ് പേസ് ഓപ്ഷനുകൾ. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരാണ് മറ്റ് താരങ്ങൾ.
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളി. ചെന്നൈയിൽ ഒക്ടോബര്‍ എട്ടിനാണ് മത്സരം.