ആളുകൾ വോട്ട് ചെയ്യാതെ മടങ്ങുന്നു; വോട്ടിംഗ് വൈകുന്നതിൽ രോഷം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണർകാട് പഞ്ചായത്തിലെ 88ാം നമ്പർ ബൂത്തിലെ പ്രശ്നത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ആളുകൾ വോട്ട് ചെയ്യാതെ മടങ്ങുകയാണെന്നും ജനങ്ങൾക്ക് കൃത്യമായി വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നുമാണ് ചാണ്ടി ഉമ്മന്റെ ആക്ഷേപം. ഇതൊരു തെരഞ്ഞെടുപ്പാണ്. പല ബൂത്തുകളിലും കാര്യമായ പ്രശ്നമുണ്ട്. ഇലക്ഷൻ കമ്മിഷനും സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.
ബൈഇലക്ഷന്റെ സൗകര്യം പലയിടത്തും കൃത്യമായി ഒരുക്കിയില്ല. ഇലക്ഷനെ ലാഘവത്തോടെയാണ് കണ്ടത്. വിഷയത്തിൽ പരാതി കൊടുത്തിട്ടുണ്ട്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്ന് റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ വോട്ടിംഗ് സമയം നീട്ടേണ്ടി വരുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു
മണർകാട് 88-ാം ബൂത്തിൽ വോട്ട് ചെയ്യാൻ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ തുടരുകയാണ്. വോട്ട് ചെയ്യാതെ ആളുകൾ മടങ്ങുന്നുമുണ്ട്. വോട്ടിംഗ് മെഷീന് സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് പ്രിസൈഡിങ് ഓഫീസറുടെ വിശദീകരണം. സമയം പ്രശ്നമായതിനാൽ ഇനി മെഷീൻ മാറ്റി വെക്കാൻ കഴിയില്ലെന്നാണ് പ്രിസൈഡിങ് ഓഫീസർ വ്യക്തമാക്കുന്നത്. 88-ാം നമ്പർ ബൂത്തിൽ വിവിപാറ്റ് വരാനും ബീപ് സൗണ്ട് കേൾക്കാനും സമയം വൈകുന്നുണ്ട്. പ്രായമായവർ പലരും നിന്ന് മടുത്തിട്ട് തിരികെ പോകുന്നുണ്ട്. 10 സെക്കൻഡ് കൊണ്ട് കേൾക്കേണ്ട ബീപ് സൗണ്ട് വൈകിയാണ് കേൾക്കുന്നതെന്ന് പ്രിസൈഡിങ് ഓഫീസറും പറയുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇടതുപക്ഷം നല്ല രീതിയിൽ പ്രചരണം നടത്തി. നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.