Friday, January 10, 2025
Kerala

നഷ്ടപരിഹാരം തേടി ഹർഷീന കോടതിയിലേക്ക്; അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിച്ചേക്കും

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം തേടി ഹർഷീന കോടതിയിലേക്ക്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്ന് ഹർഷീന 24 നോട് പറഞ്ഞു. അതേസമയം കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് പ്രതിചേർത്തതോടെ ആരോഗ്യ പ്രവർത്തകർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങി.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയ പൊലീസ്, രണ്ട് ഡോക്ടർമാരെയും രണ്ട് നേഴ്സുമാരെയും പ്രതികളാക്കിയാണ് കഴിഞ്ഞദിവസം കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മെഡിക്കൽ അശ്രദ്ധ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ സി.കെ രമേശൻ, പിജി ഡോക്ടർ എം ഷഹന നഴ്സുമാരായ എം രഹന കെ.ജി മഞ്ജു എന്നിവരാണ് പ്രതികൾ.

പൊലീസിന്റെ ഈ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഹർഷീനയുടെ തുടർനടപടി. പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ മെഡിക്കൽ കോളജിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിച്ചേക്കും. തീരുമാനം ഉച്ചയ്ക്ക് സമരപ്പന്തലിൽ പ്രഖ്യാപിക്കാനാണ് സമരസമിതിയുടെ ആലോചന. പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ ആരോഗ്യ പ്രവർത്തകരുടെ അറസ്റ്റ് ഉടൻ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പൊലീസ് നീക്കം മുന്നിൽകണ്ട് ആരോഗ്യപ്രവർത്തകർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി നിയമോപദേശം തേടി. ആരോഗ്യപ്രവർത്തകരെ പ്രതിചേർത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *