Saturday, October 19, 2024
Sports

ഇരട്ട റെക്കോര്‍ഡുമായി വേട്ട തുടങ്ങി ബാബര്‍ അസം! ചരിത്രത്തിലെ വേഗമേറിയ താരം, ഏഷ്യാ കപ്പിലെ ആദ്യ ക്യാപ്റ്റന്‍

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2023ല്‍ നേപ്പാളിനെതിരായ ഉദ്ഘാടന മത്സരത്തില്‍ സെഞ്ചുറിയുമായി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. സമകാലിക പാക് ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന വിശേഷണം ചുമലില്‍ കൊണ്ടുനടക്കുന്ന ബാബര്‍ 109 പന്തില്‍ നേപ്പാളിനെതിരെ മൂന്നക്കം തികയ്‌ക്കുകയായിരുന്നു. ഇതോടെ രണ്ട് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ ബാബര്‍ അസമിന്‍റെ പേരിലായി. മത്സരത്തില്‍ ബാബര്‍ 131 പന്തില്‍ 14 ഫോറും 4 സിക്‌സറുകളും സഹിതം 151 റണ്‍സെടുത്താണ് മടങ്ങിയത്.

ബാബര്‍ അസമിന്‍റെ ഏകദിന കരിയറിലെ 19-ാം സെഞ്ചുറിയാണ് മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേപ്പാളിനെതിരെ പിറന്നത്. നേരിട്ട 109-ാം പന്തിലായിരുന്നു ഡബിളോടി 100ലേക്ക് ബാബര്‍ പാഞ്ഞടുത്തത്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ 19 സെഞ്ചുറികളെന്ന തകര്‍പ്പന്‍ റെക്കോര്‍ഡ് ഇതോടെ ബാബര്‍ ചൂണ്ടി. 104-ാം ഏകദിന മത്സരത്തിലാണ് ബാബര്‍ 19 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടൊപ്പം ഏഷ്യാ കപ്പില്‍ 150 റണ്‍സ് നേടുന്ന ആദ്യ നായകന്‍ എന്ന റെക്കോര്‍ഡും ബാബര്‍ കീശയിലാക്കി. പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍(20 എണ്ണം) പേരിലുള്ള ഇതിഹാസ താരം സയ്യിദ് അന്‍വറിന്‍റെ റെക്കോര്‍ഡിന് ഒരു നൂറ് മാത്രം അകലെയാണിപ്പോള്‍ ബാബറുള്ളത്. അന്‍വറിന് 20 ഏകദിന സെഞ്ചുറികള്‍ നേടാന്‍ 247 മത്സരങ്ങള്‍ വേണ്ടിവന്നു. മുള്‍ട്ടാനിലെ സെഞ്ചുറിയോടെ രാജ്യാന്തര കരിയറില്‍ ബാബര്‍ 31 സെഞ്ചുറികളിലെത്തി. ഇവയില്‍ 19 എണ്ണം ഏകദിനത്തിലെങ്കില്‍ 9 ടെസ്റ്റ് സെഞ്ചുറികളും 3 ട്വന്‍റി 20 സെഞ്ചുറികളും പാക് നായകനുണ്ട്.

മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെയും മധ്യനിര താരം ഇഫ്‌തീഖര്‍ അഹമ്മദിന്‍റേയും സെഞ്ചുറിക്കരുത്തില്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 എന്ന പടുകൂറ്റന്‍ സ്കോറിലെത്തി. 19-ാം ഏകദിന ശതകം നേടിയ ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി മടങ്ങി. അതേസമയം കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. നേരിട്ട 109-ാം ബോളില്‍ 100 റണ്‍സ് തികച്ച ബാബര്‍ 20 പന്തുകള്‍ കൂടിയേ 150 പുറത്താക്കിയാക്കാന്‍ എടുത്തുള്ളൂ. ഇഫ്‌തീഖര്‍ വെറും 67 പന്തിലാണ് സെഞ്ചുറി പിന്നിട്ടത്. ഫഖ‍ര്‍ സമാന്‍(14), ഇമാം ഉള്‍ ഹഖ്(5), മുഹമ്മദ് റിസ്‌വാന്‍(44), ആഗാ സല്‍മാന്‍(5), ഷദാബ് ഖാന്‍(4) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ സ്കോര്‍. നേപ്പാളിനായി സോംപാല്‍ കാമി രണ്ടും കരണ്‍ കെ സിയും സന്ദീപ് ലമിച്ചാനെയും ഓരോ വിക്കറ്റും നേടി.

Leave a Reply

Your email address will not be published.