അന്ന് കണ്ടക്ടറായി ജോലി ചെയ്‌തു; ഇന്ന് അതേ ബസ് ഡിപ്പോയിലെത്തി രജനീകാന്ത്
വർഷങ്ങൾക്ക് ശേഷം താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡിപ്പോയില്‍ അദ്ദേഹം എത്തിയത്.
ഡിപ്പോയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഹെൽപ്പർമാർ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട അദ്ദേഹം ഒരുമിച്ച് ഫൊട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ഹിമാലയന്‍ സന്ദർശനത്തിന് ശേഷം അടുത്തിടെയാണ് രജനികാന്ത് നാട്ടിൽ തിരിച്ചെത്തിയത്.
ബെംഗളൂരുവിൽ ജനിച്ച രജനികാന്ത് സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബസ് കണ്ടക്ടറായും അതിനും മുന്‍പ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്. സ്റ്റൈല്‍ മന്നനായ രജനികാന്തിന്‍റെ ടിക്കറ്റ് കീറുന്ന ശൈലിയായിരുന്നു യാത്രക്കാര്‍ക്ക് ഏറെ പ്രിയ്യപ്പെട്ടത്. അവരില്‍ പലരും ഒരു നടനാകുന്നതിനെ കുറിച്ച് അന്ന് അദ്ദേഹത്തിനോട് ചോദിക്കാറുണ്ടായിരുന്നു.
പിന്നീട് നിരവധി സ്റ്റേജ് നാടകങ്ങളിലും രജനീകാന്ത് അഭിനയിക്കാന്‍ ആരംഭിച്ചു. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നതിന് ശേഷം ഒരു സ്റ്റേജ് നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകൻ കെ ബാലചന്ദര്‍ രജനീകാന്തിനെ ശ്രദ്ധിക്കുന്നത്. പിന്നീട് 1975 ലെ അദ്ദേഹത്തിന്‍റെ തന്നെ തമിഴ് ചിത്രം അപൂർവ രാഗങ്ങളിലൂടെ രജനീകാന്ത് വെള്ളിത്തിരയിലെത്തി.