രാഷ്ട്രീയത്തിലേക്ക് ഇല്ല: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും രജനീകാന്ത് പിന്മാറി
ചെന്നൈ: സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതില്‍ നിന്ന് നടന്‍ രജനീകാന്ത് പിന്മാറി. കടുത്ത നിരാശയോടെ തീരുമാനം അറിയിക്കുന്നുവെന്നും രജനീകാന്ത് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിശദീകരണം. സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ഈ മാസം 31 ന് അറിയിക്കുമെന്നായിരുന്നു രജനികാന്ത് നേരത്തെ പറഞ്ഞിരുന്നത്.
120 പേര്‍ മാത്രമുള്ള ഒരു ഷൂട്ടിങ് സൈറ്റില്‍ കോവിഡ് പടര്‍ന്നതിനെ തുടര്‍ന്ന് അതിന്റെ പ്രശ്‌നം നേരിടേണ്ടിവന്ന തനിക്ക് എങ്ങനെയാണ് ലക്ഷക്കണക്കിനാളുകളുള്ള ഒരിടത്തേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്ന് രജനീകാന്ത് ട്വിറ്ററിലൂടെ ചോദിക്കുന്നു. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ ഷൂട്ടിങ്ങിനിടെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് രജനീകാന്ത് ഹൈദരാബാദില്‍ ചികിത്സ തേടിയിരുന്നു. മുന്‍പ് കിഡ്‌നി മാറ്റിവെച്ച അദ്ദേഹം ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. 70 വയസ് പിന്നിട്ട രജനീകാന്ത് ‘അണ്ണാതെ’ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.