നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോയുടെ സ്വർണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും രണ്ടേമുക്കാൽ കിലോയുടെ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടികൂടിയത്. ഇരുവരുടെയും കൈയിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 24-ന് കണ്ണൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒരു കിലോയിൽ അധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.
നേരത്തെ ഓഗസ്റ്റ് 20-നും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനായിരുന്നു പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്സിൽ നിന്ന് സ്വർണ്ണചെയിനുകളും ജാഫർമോനിൽ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 9-നും മലപ്പുറത്തുനിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു. മലപ്പുറത്തെ മുന്നിയൂരിലായിരുന്നു സ്വർണ്ണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.3 കിലോ സ്വർണ്ണമാണ് ഡിആർഐ പിടിച്ചെടുത്തത്. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.