ബലാത്സംഗ ശ്രമത്തിൽ നിന്ന് മരുമകളെ രക്ഷിക്കാൻ ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു
ഉത്തർപ്രദേശിൽ 43 കാരനെ വെട്ടിക്കൊന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്. മരുമകളെ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷിക്കാനാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ഓഗസ്റ്റ് 14 നാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 43കാരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
ഉത്തർപ്രദേശിലെ ബദൗണിൽ ഓഗസ്റ്റ് 14നാണ് സംഭവം. തേജേന്ദർ സിംഗ് (43) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അജ്ഞാതരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് മരിച്ചയാളുടെ കുടുംബം ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഇത് കള്ളമാണെന്ന് കണ്ടെത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ പൊലീസിന് പല സംശയങ്ങൾ ഉണ്ടായിരുന്നു. തേജേന്ദറിന്റെ ഭാര്യ ഇടയ്ക്കിടെ മൊഴി മാറ്റുന്നതും സംശയം വർധിപ്പിക്കാൻ ഇടയാക്കി. 40 കാരിയായ ഭാര്യ മിഥിലേഷ് ദേവിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഭർത്താവിനെ കോടാലി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് ദേവിയുടെ കുറ്റസമ്മതം.
ഭർത്താവ് നിരന്തരം മർദിക്കാറുണ്ടായിരുന്നു. 19 വയസ്സുള്ള മരുമകൾക്കൊപ്പം കിടക്കണമെന്ന് തേജേന്ദർ ആവശ്യപ്പെടുകയും, മരുമകളെ കൊണ്ട് താൻ സമ്മതിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ശല്യം സഹിക്കാനാവാതെ വന്നപ്പോൾ മരുമകളെ രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്നും മിഥിലേഷ് ദേവി മൊഴി നൽകി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.