ഡൽഹിയിൽ സ്കൂൾ വിദ്യാർത്ഥികളടക്കം 3 പേർക്ക് കുത്തേറ്റു; ഒരാൾ അറസ്റ്റിൽ
രാജ്യതലസ്ഥാനത്ത് വീണ്ടും കത്തിയാക്രമണം. രണ്ട് സ്കൂൾ വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് കുത്തേറ്റു. ഡൽഹി നരേല മേഖലയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരേല മേഖലയിലെ രാംദേവ് ചൗക്കിലാണ് സംഭവം. ഒരാൾ കത്തിയുമായി രണ്ട് ആൺകുട്ടിൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നാമന് കുത്തേറ്റത്. ഒരു വിദ്യാർത്ഥിക്ക് ഇടതു തോളിനരികിലും മറ്റൊരു വിദ്യാർത്ഥിക്ക് മുതുകിലുമാണ് കുത്തേറ്റത്.
കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തിയ യുവാവിന്റെ തലയിലും മുഖത്തും കൈയിലും പലതവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. മൂന്ന് പേരെ എസ്ആർസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.