Saturday, October 19, 2024
Kerala

‘അച്ചു ഉമ്മനെ സിപിഐഎം സൈബർ സഖാക്കൾ ആക്രമിക്കുന്നു’; പുതുപ്പള്ളിയിൽ ഇതൊന്നും വിലപ്പോവില്ല; രമേശ് ചെന്നിത്തല

ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സിപിഐഎം സൈബർ സഖാക്കൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഐഎം തേജോവധം ചെയ്തു. പൊതു സമൂഹം ഇതിനെ പറ്റി വിലയിരുത്തണം. പുതുപ്പള്ളിയിൽ ഇതൊന്നും വിലപ്പോവില്ല. ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷം നേടും.

പാർട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. ഉമ്മൻചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മൻ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സൈബർ സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണം. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ആറാം തീയതിക്ക് ശേഷം പ്രതികരിക്കും.ആ നിലപാടിൽ മാറ്റമില്ല.കെ.സി വേണുഗോപാൽ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മനും മാറിയ ഉമ്മനും. വിമർശനം നല്ലതാണ് എന്നാൽ അതിന് പരിധിയുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഥകൾ മെനഞ്ഞു വിമർശനം നടത്തുന്നവർ സ്വയം ആലോചിക്കണം. സൈബർ ആക്രമണം ആരോഗ്യകരമായ രീതിയല്ല. ഇതുമായി ബന്ധപ്പെട്ടവർ പിന്മാറണമെന്നും മറിയ ഉമ്മൻ പ്രതികരിച്ചു. അച്ചു ഉമ്മന്റെ തൊഴിലിനെ ആക്ഷേപിക്കുന്നത് ശരിയല്ല. തെറ്റ് ചെയ്യാത്തതിനാൽ തങ്ങൾക്ക് ഒരു ഭയവുമില്ലെന്ന് മറിയ ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്ന അച്ചുവിന്‍റെ ചിത്രങ്ങൾ ചേർത്ത് ഇടത് സൈബർ ഹാൻഡിലുകളിലെ അധിക്ഷേപങ്ങൾക്കെതിരെ അച്ചു ഉമ്മൻ പ്രതികരിച്ചു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി.മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു.മുഖമില്ലാത്തവർക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു.

പിതാവിന്‍റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ സിപിഐഎം അധിക്ഷേപങ്ങളുടെ തുടർച്ചയാണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

Leave a Reply

Your email address will not be published.