ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സുകൾ തുടരുകയാണ്.
മുഖ്യമന്ത്രി ഇന്നലെ എത്തിയത് എൽഡിഎഫ് ക്യാമ്പിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മാന്റെ മണ്ഡല പര്യടനം തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ വരുംദിവസങ്ങളിൽ വാഹനപര്യടനത്തിലേക്ക് കടക്കും.
ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിംഗ് ഇന്ന് കോട്ടയം ബസേലിയസ് കോളജിൽ നടക്കും. സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളിൽ ക്രമീകരണം നടത്തുന്നത് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ കൂടി സന്നിധ്യത്തിലാണ്. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകളിൽ ഇന്ന് പ്രത്യേക പോളിംഗ് സംഘം സന്ദർശനം നടത്തുന്നുണ്ട്.