‘ശൈലജയുടെ മാത്രമല്ല, പി ജയരാജന്റെയും എം എം മണിയുടെയും ആത്മകഥയും പഠിപ്പിക്കണം’; കെ സുരേന്ദ്രൻ
ശൈലജയുടെ മാത്രമല്ല, പി ജയരാജന്റെയും എം എം മണിയുടെയും ആത്മകഥ കൂടി പഠിപ്പിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തി ആരാധനയും വ്യക്തി പൂജയും പാർട്ടി നയമാണോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. കെ കെ ശൈലജയുടെ മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന ആത്മകഥയാണ് സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്.
നേരത്തെ സിലബസ് പ്രസിദ്ധീകരിക്കും മുൻപ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത് വിവാദമായിരുന്നു. സിലബസ് രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം പ്രതിഷേധാർഹമെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ തോന്ന്യവാസം കാണിക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശൈലജ ടീച്ചറുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സർവകലാശാല രാഷ്ട്രീയ അജണ്ടയോടെയാണ് ഈ ആത്മകഥ ഉൾപ്പെടുത്തിയത്.കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വത്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.