Saturday, October 19, 2024
Kerala

‘രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ?’; സിപിഐഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണത്തിൽ ഹൈക്കോടതി

ഇടുക്കി ശാന്തൻപാറയിലെ സിപിഐഎം പാർട്ടി ഓഫീസ് നിര്‍മ്മാണത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും വിമർശനം. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു.

മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. ഉടുമ്പൻചോല, ബൈസൺവാലി, ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണമാണ് നിർത്തിവെക്കാൻ കോടതി നിർദേശിച്ചത്. ജില്ലാ കലക്ടർക്കാണ് ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു.

മൂന്നാർ മേഖലയിലെ അനധികൃത നിർമാണങ്ങൾ തടയണമെന്ന ഹർജികളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പിന്നാലെ ഉത്തരവ് മറികടന്ന് ശാന്തൻപാറയില്‍ സിപിഐഎമ്മിൻ്റെ ഏരിയാ കമ്മിറ്റി ഓഫീസിൻ്റെ നിര്‍മ്മാണം തുടർന്നിരുന്നു. ഇതോടെ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി ശാന്തൻപാറയിലെ പാർട്ടി ഓഫീസ് ഇനിയൊരുത്തരവ് വരും വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published.