റിട്ടയർ ചെയ്തവർ പോലും തിരിച്ചെത്തി സഹായിച്ചു, ഓരോ ഇന്ത്യക്കാരും സന്തോഷിക്കുന്നു: ഇസ്രോ ചെയർമാൻ
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇത് തലമുറകളായുള്ള പ്രവർത്തനത്തിന്റെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ ഒന്നിലും രണ്ടിലും പ്രവർത്തിച്ചവരുടെ കൂടി വിജയമാണിത്. റിട്ടയർ ചെയ്തവർ പോലും തിരിച്ചത്തി സഹായങ്ങൾ നൽകിയെന്നും ഇന്ത്യക്കാർക്കെല്ലാം അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
സോമനാഥിന്റെ വാക്കുകൾ…
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ചന്ദ്രയാൻ മൂന്നിന്റെ പ്രൊജക്ട് ഡയറക്ടർ വീര മുത്തുവേൽ, അസോസിയേറ്റ് ഡയരക്ടർ കൽപ്പന, മിഷൻ ഓപ്പറേറ്റേഴ്സ് ഡയറക്ടർ ശ്രീകാന്ത്, സാറ്റ്ലൈറ്റ് നിർമിച്ച യുആർ റാവു സാറ്റ്ലൈറ്റ് സെന്റർ ഡയറക്ടർ ശങ്കരൻ എന്നിവർക്കെല്ലാം ഞാൻ നന്ദി രേഖപ്പെടുത്തുന്നു. പ്രധാനമന്ത്രി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അവരുടെ കുടുംബത്തിനും ആശംസകൾ അറിയച്ചിട്ടുണ്ട്. ഇസ്രോയ്ക്ക് നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി പറയുന്നു.
ഞങ്ങളോടൊപ്പം ദൌത്യത്തിനായി പ്രാർത്ഥിച്ച രാജ്യത്തിന്റെ എല്ലാ കോണുകളിലുള്ളവരോടും നന്ദി പറയുന്നു. ഇത് ഒറ്റയ്ക്കുള്ള വിജയമല്ല. തലമുറകളുടെ വിജയമാണ്. ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും തുടർച്ചയാണിത്. ചന്ദ്രയാൻ ഒന്നിന്റെയും രണ്ടിന്റെയും പിന്നിൽ പ്രവർത്തിച്ചവരുടെയും കൂടി വിജയമാണിത്. ചന്ദ്രയാൻ രണ്ടിലെ പലരും മൂന്നിൽ പ്രവർത്തിച്ചത് ഉറക്കംപോലും ഇല്ലാതെയാണ്. ഓരോ തെറ്റും കണ്ടെത്തി അവർ തിരുത്തി. റിട്ടയർ ചെയ്തവർ പോലും ദൌത്യത്തിനായി പ്രവർത്തിച്ചു. സഹായകമായ മറ്റ് സ്പേസ് ഏജൻസികൾക്കും നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ, സെൻസറുകൾ, ക്യാമറകൾ, വെലോസിറ്റി മീറ്റർ, മികച്ച റോക്കറ്റ്… ഇതെല്ലാം ഇന്ത്യയിൽ നിർമിച്ചതാണെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.