അഭിമാനം ആകാശത്തോളം… പറന്നുയർന്ന് ചന്ദ്രയാൻ-3,’2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയും’: പ്രധാനമന്ത്രി
രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് LVM 3 വിക്ഷേപിച്ചു. പേടകം ചന്ദ്രനിലെത്തുക ഒരുമാസത്തെ സഞ്ചാരത്തിന് ശേഷം ഓഗസ്റ്റ് 23 നാണ്. ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ട്വിറ്ററിലൂടെയാണ് ചന്ദ്രയാൻ -3ന് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ ചാന്ദ്രദൗത്യം അതിന്റെ യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളം ദൗത്യം വഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ദൗത്യം വിജയകരമാകുന്ന പക്ഷം ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറ്റും എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്ക് വളരെ സമ്പന്നമായ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.