Tuesday, April 29, 2025
Movies

ദിലീപിന്റെ പരാതി; പാര്‍വതി, ആഷിഖ് അബു, രേവതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. പാര്‍വതി, രമ്യാ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ നമ്പീഷന്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവരും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്ന് പോകുന്ന നടിക്കൊപ്പം അവളുടെ സഹപ്രവര്‍ത്തകര്‍ കൂടെ നില്‍ക്കണ്ടതിന് പകരം, കൂറു മാറിയത് സിനിമാ മേഖലയിലുള്ളവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നതിന്റെ ഉദാഹരണമാണെന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. നടന്ന ക്രൂരതയ്ക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാര്‍മികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണെന്നാണ് ആഷിഖ് അബു പ്രതികരിച്ചത്.

കൂറുമാറിയ നടിമാര്‍ ഒരര്‍ത്ഥത്തില്‍ ഇരകളാണെന്ന് റിമ കല്ലിങ്കലും പറഞ്ഞു. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവരും കേസില്‍ നേരത്തെ കുറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ദീഖും ഭാമയും കൂറുമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *