Thursday, January 9, 2025
National

ചരിത്ര മുഹൂർത്തം കാത്ത് രാജ്യം; ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ ഐഎസ്ആർഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.

ദക്ഷിണ ദ്രുവത്തോട് ചേർന്ന് 70° അക്ഷാംശത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ചന്ദ്രയാൻ മൂന്നിന്‍റെ ലക്ഷ്യം. ചാന്ദ്ര മധ്യരേഖ പ്രദേശത്തുനിന്ന് വിഭിന്നമായി, വലിയ ഗർത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുണ്ട് ധ്രുവ പ്രദേശങ്ങളിൽ. അതിനേക്കാൾ ഉപരിയായി സൂര്യ വെളിച്ചം നാളിതുവരെ നേരിട്ട എത്തിയിട്ടില്ലാത്ത മേഖലകളും ഏറെയുണ്ട്. ചന്ദ്രനിൽ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേഷണം, വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത് ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ്. ഇന്ത്യൻ സംവിധാനങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്.

കാൻബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്പേസ് നെറ്റ്‌വർക്ക് ആന്റിനകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കും. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറാണ്.

മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്‍റെ വേഗം കുറച്ച് സെക്കൻഡിൽ രണ്ട് മീറ്റർ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാൻഡ് ചെയ്യാൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങുക.

ദക്ഷിണ ദ്രുവത്തിലെ ഉപരിതല പ്ലാസ്മയുടെ പരീക്ഷണങ്ങൾ വരുംകാല ചാന്ദ്ര പര്യവേഷണങ്ങൾക്ക് മുതൽക്കൂട്ടാകും. മൈനസ് 230 ഡിഗ്രി വരെ തണുത്തുറഞ്ഞ മേഖലയിലെ പരീക്ഷണങ്ങൾ , ഭൂമിയിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രോപരിതലം ഇടത്താവളം ആക്കാൻ സാധിക്കുമോ എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വിരൽചൂണ്ടും.

Leave a Reply

Your email address will not be published. Required fields are marked *