Saturday, October 19, 2024
Kerala

കെ-ഫോണിന്റേത് മോശം പ്രകടനം, കാരണം SRIT, പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച, വിശദീകരണം തേടി സിഎജി

തിരുവനന്തപുരം : കെ- ഫോൺ പദ്ധതി നടത്തിപ്പിൽ എസ്.ആർ.ഐ.ടി വരുത്തിയത് ഗുരുതര വീഴ്ചകളെന്ന് സി.എ.ജി. സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആർഐടിയുടെ വീഴ്ചകളാണെന്നാണ് നിരീക്ഷണം. ഏറ്റെടുത്ത ചുമതലകളിൽ ഒന്ന് പോലും കാര്യക്ഷമായി നിറവേറ്റാൻ എസ്.ആർ.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഭാരത് ഇലട്രോണിക്സ് വിളിച്ച യോഗത്തിൽ വീഴ്ചകളെല്ലാം എസ്.ആർ.ഐ.ടി അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും സിഎജി ഓഡിറ്റ് പരാമർശത്തിൽ വ്യക്തമാക്കുന്നുണ്ട്.

കരാറിൽ പറഞ്ഞ ജീവനക്കാരുടെ എണ്ണവും നിലവിൽ നിയോഗിച്ച ജീവനക്കാരുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. പദ്ധതി ചുമതല ഏൽപ്പിച്ച ജീവനക്കാരാകട്ടെ പകുതിയിലധികം പേരും ജോലിക്കെത്തുന്നില്ല. ഉപകരാറുകാരുടെ മേൽ എസ്ആർഐടിക്ക് ഒരു നിയന്ത്രണവും ഇല്ല. ചെയ്യുന്ന ജോലിയുടെ മുൻഗണ നിശ്ചയിക്കുന്നതിൽ പോലും ദയനീയ തോൽവിയെന്നാണ് വിലയിരുത്തൽ. കെ ഫോൺ പദ്ധതിയുടെ ഗുണനിലവാരം ഇല്ലായ്മക്കും, കാര്യക്ഷമത കുറവിനും കാരണമായി ബെൽ കണ്ടെത്തിയ വീെവ്ചകളെല്ലാം യോഗത്തിൽ എസ്ആർഐടി അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും ഓഡിറ്റ് പരാമർശത്തിൽ എടുത്ത് പറയുന്നുണ്ട്. വീഴ്ചകൾ പ്രകടമാണെന്നിരിക്കെ വസ്തുതകളും വിവരങ്ങളും വച്ച് ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് കെ-ഫോണിന് എജിയുടെ നിർദ്ദേശം.

കെ ഫോൺ സർക്കാരിന്റേതാണെങ്കിലും ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി എസ്ആർഐടിയാണ് സർവ്വീസ് നൽകുന്നത്. കെ ഫോൺ വിപുലമായ അധികാരങ്ങളാണ് സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുള്ളത്. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് ഇലട്രോണിക്സ് ഈ വർഷം ജനുവരി 18 ന് നടത്തിയ അവലോകന യോഗത്തിലാണ് എസ്ആർഐടിയുടെ ഗുരുതര വീഴ്ചകൾ എണ്ണിപ്പറയുന്നത്. 2022 ഡിസംബറിൽ കെ ഫോൺ കൈവരിക്കേണ്ട പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നിറവേറ്റാൻ എസ്ആർഐടിക്ക് കഴിഞ്ഞില്ല. 339 കിലോമീറ്ററിൽ ഇടേണ്ടിയിരുന്ന എഡിഎസ്എസ് കേബിളിട്ടത് വെറും 219 കിലോമീറ്ററിൽ മാത്രമാണെന്നതിൽ തുടങ്ങി ജീവനക്കാരുടെ വിന്യാസത്തിൽ വരെ വലിയ പോരായ്മകൾ എസ്ആർഐടി വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.