Friday, January 10, 2025
World

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍

ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്ക് ചേര്‍ന്ന് ഗൂഗിള്‍. ഹോം പേജില്‍ രാജ്യത്തെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ തുണിത്തരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡൂഡില്‍ നൽകിയാണ് ദിനത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് നമ്രത കുമാറാണ് ഇത്തരത്തിലൊരു കലാസൃഷ്‌ടി ആവിഷ്‌കരിച്ചിരിക്കുന്നത്.

കേരളം ഉള്‍പ്പടെയുള്ള 21 ഇടങ്ങളിലെ വ്യത്യസ്തങ്ങളായ തുണിത്തരങ്ങളുടെ മാതൃകകളാണ് ഡൂഡിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഗോവ, ഒഡിഷ, ജമ്മു കശ്‌മീര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്‌ട്ര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബിഹാര്‍, കര്‍ണാടക, അസം എന്നിവിടങ്ങളിലെ വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളുടെ മാതൃകകളെയാണ് ഡൂഡിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിലവിലുള്ള വൈവിധ്യമാർന്ന ടെക്സ്റ്റൈൽ ക്രാഫ്റ്റ് രൂപങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയാണ് താന്‍ ഇത്തരത്തിലൊരു ഡിസൈന് രൂപം നല്‍കിയതെന്ന് നമ്രത കുമാര്‍ പറഞ്ഞു. അതേസമയം രാജ്യം ഇന്ന് എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാകയുയര്‍ത്തി. പത്താം തവണയാണ് നരേന്ദ്ര മോദി പതാകയുയര്‍ത്തുന്നത്.

‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾക്ക് ഈ സ്വാതന്ത്ര്യദിനത്തോടെ സമാപനമാകും. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *