വിസ കിട്ടാന്‍ വൈകുന്നു; ഓണ്‍ലൈനായി വിവാഹിതരായി ഇന്ത്യന്‍ യുവാവും പാകിസ്താനി യുവതിയും
നീണ്ട പരിശ്രമത്തിനുശേഷവും ഇന്ത്യയിലേക്ക് വിസ കിട്ടാത വന്നതോടെ ഇന്ത്യന്‍ യുവാവിനെ ഓണ്‍ലൈനായി കല്യാണം കഴിച്ച് പാകിസ്താനി യുവതി. ഇന്ത്യക്കാരനായ മുഹമ്മദ് അര്‍ബാസും പാകിസ്താന്‍ സ്വദേശിയായ അമീനയുമാണ് ഓണ്‍ലൈനായി തങ്ങളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയത്.
ജോദ്പൂരിലെ വീട്ടില്‍ നിന്ന് വരനും കറാച്ചിയിലെ വസിതിയില്‍ നിന്ന് യുവതിയും വിവാഹ വേഷത്തിലെത്തി ഓണ്‍ലൈനായി കല്യാണം കഴിയ്ക്കുകയായിരുന്നു. ഇരുവരുടേയും ബന്ധുക്കളും ഓണ്‍ലൈനായി തന്നെ ചടങ്ങില്‍ പങ്കെടുത്തു. വിവാഹം ഓണ്‍ലൈനായിട്ടാണെങ്കിലും ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഇരുകൂട്ടരും ഓണ്‍ലൈനായി തന്നെ കൊണ്ടാടി. ഇരുവരുടേയും വീടുകളില്‍ സ്ഥാപിച്ച വലിയ എല്‍ഇഡി സ്‌ക്രീനുകളില്‍ ചടങ്ങുകള്‍ എല്ലാവര്‍ക്കും കാണാനായി പ്ലേ ചെയ്യപ്പെട്ടു.
അമീനയ്ക്ക് ഇന്ത്യയിലെത്താന്‍ വിസ വൈകുന്നത് കൊണ്ടാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വരന്റെ പിതാവ് മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു. രാജ്യങ്ങള്‍ തമ്മില്‍ അകന്നാലും മനുഷ്യര്‍ തമ്മില്‍ അകലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാഹം കൂടി കഴിഞ്ഞതോടെ അമീനയ്ക്ക് കുറച്ചുകൂടി എളുപ്പത്തില്‍ ഇന്ത്യയിലേക്കുള്ള വിസ ലഭിക്കുമെന്നാണ് ഇരുകുടുംബങ്ങളും പ്രതീക്ഷിക്കുന്നത്.