Friday, January 24, 2025
Kerala

മിത്ത് വിവാദം: സ്പീക്ക‍ർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ? കോൺഗ്രസിനോട് മുരളീധരൻ, ‘മുഖ്യമന്ത്രി മൗനം വെടിയണം’

കോഴിക്കോട്: സ്പീക്കർ നടത്തിയ മിത്ത് പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി മുരളീധരൻ. വിവാദത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, സി പി എം നേതാക്കൾ ഖേദ പ്രകടനം നടത്താൻ പോലും തയ്യാറായിട്ടില്ലെന്നും ചൂണ്ടികാട്ടി. സ്പീക്കർ പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതെ വിവാദം അവസാനിക്കില്ലെന്നും സ്വിച്ചിട്ട പോലെ വിവാദം തുടങ്ങി സ്വിച്ചിട്ട പോലെ അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. മിത്ത് വിവാദത്തില്‍ ഈ മാസം 10 ന് സഭക്ക് മുന്നിൽ നാമജപ യാത്ര നടത്താൻ ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ മിത്ത് വിവാദത്തിൽ ഇന്നും പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. സി പി എമ്മിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്നാണ് മുഹമ്മദ് റിയാസ് ഇന്ന് പറ‍ഞ്ഞത്. കേരളത്തില്‍ മത – സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എൻ ഷംസീര്‍ പറഞ്ഞത് വ്യക്തമാണെന്നും, ഒരു മത വിശ്വാസത്തിനും എതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നുംസ പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടികാട്ടി.

അതേസമയം നിയമസഭയിൽ സ്പീക്കർക്ക് എതിരെ സ്വീകരിക്കേണ്ട നിലപാട് യു ഡി എഫ് നാളെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എൻ എസ് എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ തിരുത്തണമെന്ന ആവശ്യം യു ഡി എഫ് ഉന്നയിക്കുന്നതിനിടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. എന്നാൽ നാളെ വിഷയം നിയമസഭയിൽ ചർച്ചയാകില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ആദ്യ ദിവസം പിരിയും. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ മിത്ത് വിവാദമടക്കം വലിയ തോതിൽ ചർച്ചയായേക്കുമെന്നാണ് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *