കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സ്വന്തം പാടത്തേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകൻ്റ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. തിരുവാർപ്പ് സ്വദേശി എൻ.ജി ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 22 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.