പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; 43അംഗ അന്തിമ പട്ടികയില്‍ നിന്ന് തന്നെ നിയമനം നടത്തണം
സംസ്ഥാനത്തെ ഗവ. കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. 43 അംഗ അന്തിമ പട്ടികയില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. നിയമനം രണ്ടാഴ്ചയ്ക്കകം വേണം.
നേരത്തെ സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കുകയും പിന്നീട് വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത 43 അംഗ പട്ടിക കരട് പട്ടികയാക്കി മാറ്റാനായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച പരാതി പരിഹരിക്കാന്‍ ഒരു അപ്പീല്‍ സമിതിയും രൂപീകരിച്ചിരുന്നു. തുടര്‍ന്നാണ് 43 അംഗ പട്ടിക 76 അംഗ പട്ടികയായി മാറിയത്. ഇതാണ് ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിരാകരിച്ചത്. നേരത്തെ തയ്യാറാക്കിയ 43 അംഗ പട്ടികയില്‍ നിന്ന് തന്നെ നിയമനം നടത്തണമെന്നാണ് പുതിയ നിര്‍ദേശം.
വിഷയം സംബന്ധിച്ച എല്ലാ രേഖകളും ഇന്ന് ഹാജരാക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ് ഫയലുകള്‍ ഹാജരാക്കിയത്. പിന്നാലെയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ 43 അംഗ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്ന ഉത്തരവ്. ഇതുവരെ യോഗ്യത നേടിയവരെ ഉള്‍പ്പെടുത്തി പുതിയ നിയമനം നടത്താനും ട്രിബ്യൂണല്‍ ഉത്തരവിട്ടു.