മുതലപ്പൊഴി അപകടം; ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി, രണ്ട് പേർക്ക് പരുക്ക്
മുതലപ്പൊഴി അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചു. രണ്ട് പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റുമാണ് നേതൃത്വം നൽകിയത്.
രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുതലപ്പൊഴിയിൽ ഒരുക്കിയിട്ടുള്ള മറൈൻ എൻഫോമെന്റിന്റെ മൂന്ന് ബോട്ടുകൾ അഴിമുഖത്ത് പട്രോളിങ് നടത്തുകയായിരുന്നു. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനായി.
വർക്കല സ്വദേശി നൗഷാദ് എന്നയാളുടെ ബുറാഖ് എന്ന വള്ളമാണ് മറിച്ചത്. ഇന്ന് പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.