കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി മരിച്ചു; ആകെ മരണം ഒൻപതായി
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ വീണ്ടും ചീറ്റ മരിച്ചു. ധാത്രി എന്ന് പേരുള്ള പെൺ ചീറ്റയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കുനോയിൽ എത്തിച്ച ആകെ ചീറ്റകളിൽ ഒൻപത് ചീറ്റകൾ മരിച്ചു. പ്രോജക്ട് ചീറ്റയുടെ ഭാഗമായി 20 ചീറ്റുകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകൾ ചത്ത പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വിലക്കെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ വന്യജീവി അധികാരികൾ ജൂലൈ 18ന് പുറത്തിറക്കിയ മെമ്മോറാണ്ടത്തിലാണ് ഉദ്യോഗസ്ഥരെ വിഷയത്തിൽ പ്രതികരിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. ചീറ്റകളുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള ചുമതല മധ്യപ്രദേശിലെ ചീഫ് വൈൾഡ് ലൈഫ് വാർഡനോ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോ മാത്രമാണുള്ളതെന്നും മെമ്മോയിൽ പറയുന്നു.
മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർ തന്നെ മുൻകൂട്ടി തയറാക്കിയ പത്രക്കുറിപ്പുകളിലൂടെയാകും മാധ്യമങ്ങളോട് സംവദിക്കുക. ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റി അംഗം കൺവീനറാണ് മെമ്മോയിൽ ഒപ്പിട്ടിരിക്കുന്നത്. ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുമായോ വിദഗ്ധരുമായോ പങ്കുവയ്ക്കേണ്ടതായ എല്ലാ വിവരങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയ ഏജൻസിയായ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കൃത്യമായ മേൽനോട്ടത്തിലാകും നൽകുക.
ചീറ്റ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും പ്രതികരണങ്ങൾ അറിയിക്കാനും ചീറ്റകൾ ചത്ത സാഹചര്യം വിശദീകരിക്കാനുമുള്ള അവസരമാണ് വിലക്ക് മൂലം നഷ്ടമാകുന്നത്. കുനോയിലെ ചീറ്റപ്പുലികളുടെ മരണങ്ങളെല്ലാം സ്വാഭാവിക കാരണങ്ങളാൽ സംഭവിച്ചതാണെന്ന് എൻടിസിഎ പ്രസ്താവന ഇറക്കി രണ്ട് ദിവസത്തിന് ശേഷമാണ് പരസ്യമായ പ്രതികരണത്തിന് വിലക്കുണ്ടാകുന്നത്.