Tuesday, April 15, 2025
National

പ്രതിപക്ഷത്തെ ഞെട്ടിച്ച് നവീന്‍ പട്‌നായിക്കിന്റെ നീക്കം; ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാസാക്കിലേക്കും

ഡല്‍ഹി സര്‍ക്കാരില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റ് പാസാക്കിയേക്കും. ഇന്നലെ ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ട് നവീന്‍ പട്‌നായിക്കിന്റെ ബിജെഡി ബില്ലിനെ അനുകൂലിച്ചതോടെ രാജ്യസഭയിലും ബില്ല് പാസാകുമെന്ന് ഉറപ്പായി.

ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധി മറികടക്കാന്‍ മെയ് 19ന് കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണ് ബില്ല്. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം സ്ഥലമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കനായിരുന്നു ഓര്‍ഡിന്‍നസ്. ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയില്‍ ഐക്യം രൂപപ്പെടുത്തിയെങ്കിലും,നവീന്‍ പട്‌നായക്കിന്റെ നേതൃത്തിലുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെ രാജ്യസഭയിലും ബില്ല് പാസാകുമെന്ന് ഉറപ്പായി. ലോക്‌സഭയിലെ ബിജെപിയുടെ ഭൂരിപക്ഷത്തെ മറികടക്കാന്‍ കഴിയില്ലെങ്കിലും രാജ്യസഭയില്‍ ബില്ലിനെ തടയാനാകുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയുടെ കണക്ക് കൂട്ടല്‍.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

238 അംഗങ്ങളുണ്ട് നിലവില്‍ രാജ്യസഭയില്‍. ബില്ല് പാസാകാന്‍ വേണ്ടത് 120 പേരുടെ പിന്തുണയാണ്. 245 ആണ് രാജ്യസഭയുടെ പൂര്‍ണ അംഗബലമെങ്കിലും ഏഴ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. എന്‍ ഡി എ സംഖ്യത്തിന് 103 അംഗങ്ങളുണ്ട്.നോമിനേറ്റ് ചെയ്ത അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ എന്‍ ഡി എക്ക് ലഭിക്കും.രാജ്യസഭയില്‍ 9 അംഗങ്ങളുള്ള ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്പുറമെ ബി ജെ ഡിയുടെ 9 എം പിമാരുടെ പിന്തുണ കൂടിയാകുമ്പോള്‍ ബില്ല് അനുകൂലിക്കുന്നവരുടെ എണ്ണം 127 ആകും. എം പിമാര്‍ക്ക് പാര്‍ലമെന്റില്‍ മുഴുവന്‍ സമയം ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. ബില്ലിനെ ഇരുസഭകളിലും എതിര്‍ക്കാനാണ് പ്രതിപക്ഷ നീക്കം.പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ രാജ്യസഭയിലെ കക്ഷി നേതാക്കളുടെ യോഗം രാവിലെ ചേരും.ബില്ല് രാജ്യസഭയില്‍ പാസാകാതിരിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *