Wednesday, April 16, 2025
Kerala

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങൾ എൻ്റെ അറിവോടെയല്ല’; ഐജി ലക്ഷ്മണയുടെ കത്ത് പുറത്ത്

ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമർശങ്ങൾ വന്നത് തന്‍റെ അറിവോടെയല്ലെന്ന് ഐജി കെ ലക്ഷ്മണ. ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങൾക്കും ഇടപാടുകൾക്കും മധ്യസ്ഥത വഹിക്കുന്ന ഒരു അധികാര കേന്ദ്രം ഉണ്ടെന്നായിരുന്നു ലക്ഷ്മണയുടെ വെളിപ്പെടുത്തൽ.

മോൻസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇന്നലെയാണ് ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയത്.

കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി താന്‍ ഇതുവരെ കണ്ടിട്ടില്ല. ചാനല്‍ വാര്‍ത്തകളിലൂടെയാണ് ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്‍ശങ്ങള്‍ ഉള്ള വിവരം അറിഞ്ഞതെന്നും ഐജി ലക്ഷ്മണ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാബാഹ്യ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് ഐജി ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാർക്കയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്നതായും ആരോപിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *