Tuesday, April 15, 2025
National

ഹരിയാനയിൽ വർ​ഗീയ സംഘർഷം, ഘോഷയാത്രക്കിടെ അക്രമം; ആരാധനാലയത്തിൽ അഭയം തേടി 2500ഓളം പേർ

ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് സംഘർഷം. പ്രശ്നം രൂക്ഷമായതോടെ ആരാധനാലയത്തിൽ 2500 ഓളം പേർ അഭയം പ്രാപിച്ചു. അക്രമികൾ കല്ലെറിയുകയും കാറുകൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പൊലീസ് നടപടിയിൽ 20ഓളം പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെടിയേറ്റു. സംഘർഷത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു. ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ മതപരമായ ഘോഷയാത്രയ്ക്കിടെയാണ് അക്രമം ആരംഭിച്ചത്.

ഘോഷ യാത്ര ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിൽ ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമം രൂക്ഷമായതോടെ ജനക്കൂട്ടം വാഹനങ്ങൾക്ക് തീകൊളുത്തി. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ 2500ഓളം പേരാണ് ആരാധനാലയത്തിൽ അഭയം തേടിയത്. ഒരുവിഭാ​ഗം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *