സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ശ്രമം; 16കാരി ജയ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
സമൂഹമാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാന്‍ പാകിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ച 16കാരി പിടിയില്‍. രാജസ്ഥാനിലെ ജയ്പൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് പെണ്‍കുട്ടി പിടിയിലായത്. ലാഹോറിലുള്ള ആണ്‍സുഹൃത്തിനെ കാണാന്‍ പോകാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം.
വിമാനത്താവളത്തില്‍ ലാഹോറിലേക്കുള്ള വിമാന ടിക്കറ്റ് അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ സുരക്ഷ ജീവനക്കാര്‍ പിടികൂടിയത്. പെണ്‍കുട്ടിയുടെ പക്കല്‍ പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ രേഖകള്‍ ഒന്നും തന്നെയില്ലായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തായ അസ്ലം എന്ന യുവാവിനെ കാണാന്‍ വേണ്ടിയാണ് പെണ്‍കുട്ടി ലാഹോറിലേക്ക് പോകാന്‍ ശ്രമിച്ചത്.
പൊലീസിനോട് ആദ്യം ഗസല്‍ മുഹമ്മദ് എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. സിക്കറില്‍നിന്നു വരുവാണെന്നും പാകിസ്ഥാന്‍ പൗരയാണെന്നും പെണ്‍കുട്ടി പറഞ്ഞു. കൂടാതെ മൂന്നു വര്‍ഷം മുന്‍പ് ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് പൊലീസ് സിക്കറില്‍ പരിശോധന നടത്തി. ഗസല്‍ എന്ന പേരിലും പെണ്‍കുട്ടി പറഞ്ഞ ബന്ധുവും അവിടെ ഇല്ലെന്ന് കണ്ടത്തി.
തുടര്‍ന്ന് പേര് മാറ്റി പറഞ്ഞതാണെന്നും ആണ്‍സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടില്ല. ജയ്പൂരിലേക്ക് വരാന്‍ പെണ്‍കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ സഹായിച്ചിരുന്നു. ഇവരെ പൊലീസ് സംഘം ചോദ്യം ചെയ്തുവരികയാണ്.