Saturday, April 26, 2025
Gulf

യൂസഫലി ഇടപെട്ടു; നിയമക്കുരുക്കില്‍പ്പെട്ട് ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ഖബറടക്കി

എം.എ യൂസഫലിയുടെ ഇടപെടലിനൊടുവില്‍ ഒരു വര്‍ഷത്തോളം ബഹ്‌റൈനില്‍ കുടുങ്ങിക്കിടന്ന മലയാളിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊന്നാനി സ്വദേശിയുടെ മൃതദേഹമാണ് സങ്കീര്‍ണമായ നിയമക്കുരുക്കില്‍പ്പെട്ടതോടെ നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. നിയമകുരുക്ക് അഴിഞ്ഞതോടെ എം.എ യൂസഫലിക്ക് പൊന്നാനി സ്വദേശിയുടെ കുടുംബം നന്ദി പറഞ്ഞു.

പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് പത്ത് മാസത്തിലേറെയായി ബഹ്‌റൈനിലെ നിന്ന് നാട്ടിലെത്തിക്കാന്‍ കഴിയാതിരുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇടപെട്ടതോടെ ഒടുവില്‍ ബഹ്‌റൈന്‍ അധികാരികള്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യൂസഫലി ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ ബന്ധപ്പെട്ടതോടെയാണ് മൃതദേഹം വിട്ടുകിട്ടാന്‍ തീരുമാനമായത്. കുടുംബത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദരന്‍ മാളിയേക്കല്‍ സുലൈമാന്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 19ന് അവശനിലയില്‍ കണ്ടെത്തിയ മൊയ്തീനെ പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലുലു ബഹ്‌റൈന്‍ ആന്‍ഡ് ഈജിപ്ത് ഡയറക്ടര്‍ ജൂസര്‍ രൂപാവാല, ലുലു ബഹ്‌റൈന്‍ റീജൈണല്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍, ലുലു ബഹ്‌റൈന്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സജിത്ത് എന്നിവരും മൊയ്തീന്റെ ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് ബഹ്‌റൈനിലെ കുവൈത്ത് മസ്ജിദില്‍ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *