Friday, January 24, 2025
Kerala

’22 ലക്ഷം രൂപ എടുത്തു’; എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന് പരാതി

അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയിൽ ഗുരുത സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സൊസൈറ്റി രൂപീകരിച്ച് 8 വർഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ല. മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് സിപിഐഎം.

സിപിഐഎമ്മിൻ്റെ ചേതനാ പാലിയേറ്റിവ് ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയാണ് ഗുരുതര ആരോപണം. അമ്പലപ്പുഴ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ശ്രീകുമാറാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. 2015 ഡിസംബർ 30 നാണ് എച്ച് സലാം സെക്രട്ടറിയായ സൊസൈറ്റി രൂപീകരിക്കുന്നത്. 8 വർഷം കഴിഞ്ഞിട്ടും ഒരു വാർഷിക പൊതുയോഗം പോലും ചേർന്നിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നുമാണ് പരാതി.

മെഡിക്കൽ കോളജിന്റെ അനുമതിയോടെ ചേതനയിൽ 500 തരം രോഗനിർണയ പരിശോധനകൾ നടത്തുന്നുണ്ട്. കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് ചേതനയുടെ കീഴിൽ നടക്കുന്നത്. സലാം 22 ലക്ഷം രൂപ എടുത്തതായി ചേതനയുടെ ട്രഷറർ ഗുരുലാൽ ആരോപണം ഉന്നയിച്ചിരുന്നതായും പരാതിയിൽ ഉന്നയിക്കുന്നു. രേഖകൾ സഹിതം ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് ലഭിച്ച പരാതി കഴിഞ്ഞ 15 ന് സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു.

പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനുളള പാർട്ടി തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പ്രസാദിനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *