Saturday, April 12, 2025
Kerala

കേരളത്തിന്റെ ‘ജവാന്‍’റം വിദേശത്തേക്ക് പറക്കും, മലബാര്‍ ബ്രാണ്ടി ഉത്പ്പാദനം ഈ വര്‍ഷം മുതല്‍; മദ്യനയത്തിന് അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് പറക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി. സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് സംസ്ഥാന നമത്രിസഭ അംഗീകാരം നല്‍കി. ജവാന്‍ ഉത്പ്പാദനം കൂട്ടുന്നതിനായി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. കയറ്റുമതിക്ക് പ്രതികൂലമാകുന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും, എക്‌സ്‌പോര്‍ട് ഫീസും പുനക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജവാന്‍ റമ്മിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. പാലക്കാട് മലബാര്‍ ഡിസ്റ്റില്ലറിയിലെ (മലബാര്‍ ബ്രാണ്ടി) മദ്യ ഉല്‍പ്പാദനം ഈ വര്‍ഷം ആരംഭിക്കും. ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മദ്യ വില്‍പ്പന 2.4 ശതമാനം കൂടിയതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിച്ചു. ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി നല്‍കും. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉല്‍പ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാര്‍ശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം.

നിലവില്‍ 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. 5 ലക്ഷം രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള് ഷാപ്പുകള്‍ക്ക് ബാറുകളുടേത് പോലെ സ്റ്റാര്‍ പദവി നല്‍കാനും തീരുമാനമായി.

ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതാണ് നയവും വൈകാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *