ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവം; വിവാദമാക്കേണ്ടെന്ന് എം.വി ഗോവിന്ദൻ
ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിലുണ്ടായ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവം ആയിട്ട് കണ്ടാൽ മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഐഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു, വിവാദം ആക്കേണ്ട കാര്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ വനിത അംഗത്തിന്റെ ലൈംഗിക പരാതി പരിശോധിച്ചിട്ട് പറയാമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഇന്നലെ നടന്ന കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് സദസിൽ നിന്ന് ഉമ്മൻചാണ്ടി അനുകൂല മുദ്രാവാക്യം വിളി ഉയർന്നത്. ഉമ്മൻചാണ്ടിയെ ഇടതുമുന്നണി വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല. തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.