Friday, April 18, 2025
National

സബ്‌സിഡിയുള്ള തക്കാളി ഓൺലൈനിലും; ഒഎൻഡിസിയുമായി ചർച്ച നടത്തി കേന്ദ്രം

ദില്ലി: സബ്‌സിഡിയുള്ള തക്കാളി ഓൺലൈനായി വിൽക്കുന്നതിന് ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒഎൻഡിസി) ചർച്ച നടത്തി കേന്ദ്ര സർക്കാർ. തക്കാളി വില കുതിച്ച് ഉയർന്നതോടെ ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 70 രൂപ സബ്‌സിഡി നിരക്കിൽ കേന്ദ്ര സർക്കാർ തക്കാളി നൽകിയിരുന്നു. ദില്ലി, ലഖ്‌നൗ, പട്‌ന തുടങ്ങി രാജ്യത്തെ വൻന​ഗരങ്ങളിൽ സഹകരണ സ്ഥാപനങ്ങളായ നാഫെഡും എൻസിസിഎഫുമാണ് തക്കാളി സബ്‌സിഡി നിരക്കിൽ നൽകുന്നത്.

സർക്കാരിന്റെ കാർഷിക വിപണന ഏജൻസികളായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്), നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) എന്നിവയാണ് സബ്‌സിഡി നിരക്കിൽ തക്കാളി നൽകുന്നത്. നാഫെഡും എൻസിസിഎഫും ഒഎൻഡിസിയുമായി ചർച്ച നടത്തിവരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്ത് തക്കാളി വില 250 രൂപ കടന്നിരുന്നു ഇതോടെയാണ് കേന്ദ്ര സർക്കാർ തക്കാളിയിൽ സബ്‌സിഡി ഏർപ്പെടുത്താൻ തീരുമാനിച്ചത്. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി ആദ്യം കിലോയ്ക്ക് 90 രൂപയ്ക്കും പിന്നീട് ജൂലായ് 16 മുതൽ 80 രൂപയ്ക്കും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയിരുന്നു. പിന്നീട് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതിനായി, കേന്ദ്ര സർക്കാർ ബുധനാഴ്ച തങ്ങളുടെ വിപണന ഏജൻസികളായ നാഫെഡിനോടും എൻസിസിഎഫിനോടും തക്കാളി കിലോയ്ക്ക് 80 രൂപയ്ക്ക് പകരം 70 രൂപയ്ക്ക് വിൽക്കാൻ നിർദേശിച്ചിരുന്നു.

മൺസൂൺ സീസണാണ് വിലക്കയറ്റത്തിന് കാരണമെന്ന് സർക്കാർ പറഞ്ഞു, ഇത് വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വെല്ലുവിളികളും നഷ്ടവും വർദ്ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *