സജീവമാകാന്‍ അനില്‍ ആന്‍റണി, പ്രധാനമന്ത്രിയെ നേരില്‍ കണ്ടു; കേരളത്തിലെ സാഹചര്യം ചർച്ചയായി
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു. ഇതിന് മുന്നോടിയായി അനിൽ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു. പാർലമെന്‍റിലെത്തിയാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ സാഹചര്യം ചർച്ചയായി എന്നാണ് വിവരം. ബിജെപിയിൽ ചേർന്ന ശേഷം ആദ്യമായാണ് അനിൽ ആന്‍റണി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനിൽ ആന്‍റണി ഒരു തുടക്കം മാത്രമാണെന്നായിരുന്നു ബിജെപിയുടെ വാദം. എതിർചേരിയിലെ കൂടുതൽ പ്രമുഖർ, മറ്റ് രംഗത്തെ വിഐപികൾ അങ്ങിനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അമ്പരിപ്പിക്കുന്ന വരവുകൾ ഇനിയുമേറെയുണ്ടാകുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു.