Thursday, January 23, 2025
National

‘മണിപ്പൂർ ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നു’; കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മണിപ്പൂർ സ്ഥിതിഗതികൾ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് വിമർശനം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും അനുരാഗ് താക്കൂർ.

മണിപ്പൂരിലെ സ്ഥിതിഗതികൾ സഭയിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. രാജസ്ഥാൻ പോലുള്ള മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സമാന കുറ്റകൃത്യങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും രാജസ്ഥാനിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘നിർഭാഗ്യവശാൽ, പ്രതിപക്ഷം ഈ സംഭവത്തെ രാഷ്ട്രീയ കണ്ണിലൂടെ കാണുകയും അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങൾ സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണ്. സോണിയാ ഗാന്ധിയും പ്രതിപക്ഷവും മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം സംഭവങ്ങൾക്ക് മൂകസാക്ഷിയായി തുടരുമോ? സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ എങ്ങനെ സംസ്ഥാനങ്ങൾക്കിടയിൽ വിവേചനം കാണിക്കാൻ കഴിയും?’ – കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ചോദിച്ചു.

സ്ത്രീകളെ ഒരു രാഷ്ട്രീയ ഉപകരണമായാണ് കോൺഗ്രസ് കാണുന്നത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് സ്ത്രീകൾക്കെതിരായ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ 54 മാസത്തിനിടെ 10 ലക്ഷത്തിലധികം ക്രിമിനൽ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടു. 1.90 ലക്ഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 7500 ൽ അധികം നിരപരാധികൾ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *