Friday, January 10, 2025
Kerala

‘ഞങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത് ഒരേ വർഷമാണ്, ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്’; മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്.

പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകുയായിരുന്നു. സംസ്ക്കാരം പുതുപ്പള്ളിയിൽ. പൊതു ദർശനമടക്കമുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി 2004-ൽ മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. പിന്നീ‌ട് 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *