Friday, January 10, 2025
Kerala

ഇ.പിയെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല, എല്ലാ ജില്ലകളിലും സെമിനാറുണ്ട്; എം.വി ​ഗോവിന്ദൻ

എൽ ഡി എഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യം ഇല്ലെന്നും താനും ക്ഷണിച്ചിട്ട് വന്നതല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പാർട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്വം വഹിക്കുന്നത് കൊണ്ട് എത്തിയതാണ്. ജയരാജൻ പങ്കെടുക്കാത്തതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല.

എല്ലാ ജില്ലകളിലും സെമിനാർ ഉണ്ടാകും. ഇ.പിക്ക് അവിടെ പങ്കെടുക്കാൻ അവസരം ഉണ്ടല്ലോ. സെമിനാറിൽ പങ്കെടുക്കുന്നതിലല്ല, നിലപാടിലാണ് കാര്യം. ജോർജ് എം തോമസിനെതിരായ നടപടി മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ല. അത് സംഘടനാ കാര്യങ്ങളാണ്. ഏകീകൃത സിവിൽ കോഡിനെതിരെ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കില്ല എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം.വി ​ഗോവിന്ദൻ.

കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്തായിരിക്കും. ഇ പി തിരുവനന്തപുരത്ത് എത്തിയത് ഡി വൈ എഫ് ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ്. ഇ പി ജയരാജൻ സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളിൽ എല്ലാവരും പട്ടികയിൽ ഇല്ല. സിപിഐഎം നേതാക്കൾ ആരൊക്കെ സെമിനാറിൽ ഉണ്ടാകണമെന്ന് സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.

വിവാദങ്ങൾക്കിടെയാണ് ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന് നടക്കുന്നത്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളുത്തിവിട്ട ഏകീകൃത സിവിൽകോഡ് വിവാദം ഏറ്റവും കൂടുതൽ ചർച്ചയായ കേരളത്തിൽ അതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സെമിനാറാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുക. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബിജെപി തുടക്കമിട്ട ഈ ചർച്ചയുടെ ക്രിത്യമായ രാഷ്ട്രീയം മനസ്സിലാക്കിയ ഇടതുപക്ഷം ഏകീകൃത സിവിൽ കോഡ് വിരുദ്ധ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സെമിനാർ പ്രഖ്യാപിക്കുകയായിരുന്നു.

നിലവിൽ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാത്തത് സിപിഐഎമ്മിന് തിരിച്ചടിയായെങ്കിലും മുസ്ലിം മത സംഘടനകൾ യോഗത്തിൽ പങ്കെടുക്കുന്നത് നേട്ടമാണ് എന്ന കണക്ക് കൂട്ടലിലാണ് ഇടത് പക്ഷം. വൈകീട്ട നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ സെമിനാറിൽ പങ്കെടുക്കുമെന്നാണ് സി.പി.ഐ.എം കണക്ക് കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *