Friday, January 10, 2025
Kerala

മന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസില്‍ ഇടിച്ച സംഭവം; കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്

തിരുവനന്തപുരം: കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കാതെ പൊലീസ്. പരിക്കേറ്റ രോഗിയുടെ ഭർത്താവ് ഇന്ന് പൊലീസിൽ പരാതി നൽകും. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും വന്നത് തെറ്റായ ദിശയിലൂടെയാണെന്ന് പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഇന്നലെയാണ് മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റത്. ഭക്ഷണത്തിൽ നിന്ന് അലർജിയുണ്ടായ രോഗിയുമായി നെടുമൻകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസ് പോകും വഴി പുലമൻ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വന്ന മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ നെടുമന സ്വദേശി നിതിൻ, ഓടനാവട്ടം സ്വദേശി അശ്വ കുമാർ, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി , ശൂരനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ദേവികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

സിഗ്നൽ സംവിധാനം പ്രവർത്തിക്കാതിരുന്ന പുലമണിൽ പൊലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും സമയോചിതമായി ഇടപെട്ട് ആംബുലൻസ് പെട്ടെന്ന് ഉയർത്തിയതിനാൽ ആളപായം ഒഴിവായി. അതേസമയം, അപകടത്തില്‍ രക്ഷാപ്രവർത്തനം ഉറപ്പാക്കിയ ശേഷമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ് ഉൾപ്പെടെ പൊലീസിന്റെ സിഗ്നൽ കാത്ത് കിടക്കുമ്പോൾ ആംബുലൻസ് വരുന്നത് ശ്രദ്ധിക്കാതെ മന്ത്രിയുടെ വാഹനം തെറ്റായ ദിശയിൽ കടത്തിവിട്ടപ്പേഴാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *